ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷനായി ഹരിവംശ് നാരായണ്‍ സിംഗിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നലെ രാജ്യസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഹരിവംശ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.
സഭാനേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ ഹരിവംശിന്റെ പേര് നിർദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സ്ഥാനാർഥികൾ ഇല്ലാതിരുന്നതോടെ മത്സരം ഒഴിവായി. തുടർന്ന് ഹരിവംശിനെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യസഭ ഡെപ്യൂട്ടി ചെയർമാനായി ഹരിവംശിനെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ഉപരിസഭയുടെ സുഗമമായ പ്രവർത്തനത്തിന് അദ്ദേഹത്തിന്റെ അനുഭവസന്പത്തും സംഭാവനകളും വലിയ കരുത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും അദ്ദേഹത്തിന് ആശംസകൾ നേർന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം നേരത്തേ അറിയിച്ചെങ്കിലും അതുണ്ടായില്ല.
രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായാണു നാമനിർദേശം ചെയ്യപ്പെട്ട ഒരംഗം ഉപാധ്യക്ഷപദവിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒന്‍പതിന് ഹരിവംശിന്റെ കാലാവധി അവസാനിച്ചതോടെയാണു അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.